Kerala
കൊല്ലം: ശ്രീനാരായണ ഗുരുവിന്റേയും മഹാത്മാഗാന്ധിയുടെയും സമാഗമശതാബ്ദി ആഘോഷം യുഡിഎഫ് മഹാസമ്മേളനമായി നടത്തുമെന്നും രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി പറഞ്ഞു. ശിവഗിരി മഠവുമായി ചേർന്ന് ആശ്രാമം മൈതാനത്തു ഫെബ്രുവരി അവസാനമാണ് സമ്മേളനം നടത്തുന്നത്.
രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി പങ്കെടുപ്പിക്കുമെന്നും തീയതി ഉടൻ തീരുമാനിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്നും സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും സ്ക്രീനിംഗ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ അടൂർ പ്രകാശ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് മറുപടി നൽകിയില്ല.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം കെപിസിസിയിൽ നടത്തി. ഇതിന്റെ ഭാഗമായി കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും പ്രാർഥനയും നടന്നു.
കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി, എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, മുൻ കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെപിസിസി ഭാരവാഹികളായ വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, എം.എ. വാഹിദ്, എം. ലിജു, പാലോട് രവി, ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി എന്നത് ഒരു വ്യക്തിയല്ലെന്നും ഒരു ചിന്തയാണെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ആ ചിന്തയെ മായ്ക്കാൻ ഒരു സാമ്രാജ്യവും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും അധികാരശക്തിയും ഒരിക്കൽ ശ്രമിച്ചെന്നും, എന്നാൽ എല്ലാം വെറുതെയായെന്നും ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ ആദരമർപ്പിച്ച് രാഹുൽ എക്സിൽ കുറിച്ചു.
സത്യത്തിന്റെയും അഹിംസയുടെയും ധൈര്യത്തിന്റെയും ശക്തി അധികാരത്തിന്റെയും അക്രമത്തിന്റെയും ഭയത്തിന്റെയും മേലെയാണെന്നുള്ള അടിസ്ഥാനമന്ത്രം രാഷ്ട്രപിതാവ് നമുക്കു നൽകി. ഈ ചിന്ത മായ്ക്കാൻ കഴിയില്ല. ഇന്ത്യയുടെ ആത്മാവിൽ ഗാന്ധിജി അമർത്യനാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: രക്തസാക്ഷിത്വദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ചു രാജ്യം.
ഗാന്ധിജിയുടെ 78-ാമത് രക്തസാക്ഷിത്വ ദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ പുഷ്പാർച്ചന നടത്തി.
ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാർ തുടങ്ങിയ പ്രമുഖരും ഇന്നലെ രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു.
അഹിംസയുടെയും സ്വയംപര്യാപ്തയുടെയും വക്താവായ രാഷ്ട്രപിതാവിന്റെ സ്മരണാർഥം സർവമത പ്രാർഥനയുമുണ്ടായിരുന്നു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം പാർലമെന്റിൽ പാസാക്കിയ വിബി-ജി റാം ജി ബില്ലിനെ വിമർശിച്ച് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
തൊഴിലുറപ്പ് നിയമത്തെ ‘ബുൾഡോസ്’ചെയ്തു സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിൽ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുക മാത്രമല്ല തൊഴിലുറപ്പ് നിയമത്തിന്റെ രൂപവും ഘടനയും ഏകപക്ഷീയമായി മാറ്റിയെന്നും ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതുമൂലം രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കർഷകരുടെ താത്പര്യങ്ങളെയും തൊഴിലാളികളെയും ഗ്രാമീണമേഖലയിലെ ഭൂമിയില്ലാത്ത ദരിദ്രരെയും മോദി സർക്കാർ ആക്രമിക്കുകയാണെന്ന് സോണിയ പറഞ്ഞു.
20 വർഷം മുന്‍പ് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റിൽ സമവായത്തിലൂടെ പാസാക്കിയതെന്ന് സോണിയ അനുസ്മരിച്ചു. “വിപ്ലവകരമായ ഈ നടപടിയിലൂടെ മണ്ണും ഗ്രാമവും വീടും കുടുംബവും ഉപേക്ഷിച്ച് ഒരാൾ തൊഴിലിനായി പലായനം ചെയ്യുന്നത് നിലച്ചു.
തൊഴിലിനായി നിയമപരമായ അവകാശം നൽകപ്പെടുകയും അതിനോടൊപ്പം ഗ്രാമപഞ്ചായത്തുകൾ ശക്തീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് നിയമത്തിലൂടെ ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായുള്ള ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നാം ഒരു വലിയ ചുവടെടുത്തു വച്ചു’’-സോണിയ പറഞ്ഞു.
എന്നാൽ, മോദി സർക്കാർ കഴിഞ്ഞ 11 വർഷമായി ഗ്രാമീണമേഖലകളിലെ തൊഴിലില്ലാത്തവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ അവഗണിച്ചു. തൊഴിലുറപ്പ് നിയമത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
യാതൊരു ചർച്ചകളും കൂടിയാലോചനകളുമില്ലാതെയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ ബിൽ പാസാക്കിയിട്ടുള്ളത്. ഇപ്പോൾ എത്രമാത്രം തൊഴിൽ, എവിടെ, ഏതു തരത്തിൽ എന്നെല്ലാം ഡൽഹിയിലിരിക്കുന്ന സർക്കാർ തീരുമാനിക്കും. അത് അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് വളരെ അകലെയാണെന്നും സോണിയ കുറ്റപ്പെടുത്തി. ഈ കരിനിയമത്തിനെതിരേ പോരാടാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തങ്ങളെല്ലാം ഈ ആക്രമണത്തെ പ്രതിരോധിക്കാൻ തയാറാണെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.
National
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് ചിദംബരം പറഞ്ഞു.
രാഷ്ട്രത്തിന്റെ ഓർമകളിൽ നിന്ന് മഹാത്മഗാന്ധിയെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നുവെന്ന് പി. ചിദംബരം ആരോപിച്ചു. ഇന്ത്യൻ ജനതയുടെ ഓർമ്മയിൽ നിന്ന് ഗാന്ധിജി മാഞ്ഞുപോകണം. കുട്ടികൾ മഹാത്മഗാന്ധിയെക്കുറിച്ച് അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
ജനങ്ങളുടെ അധരത്തിൽ മഹാത്മഗാന്ധിയുടെ പേര് ഉണ്ടാകരുതെന്നാണ് അവരുടെ താത്പര്യമെന്ന് പറഞ്ഞ പി. ചിദംബരം ജവാഹർലാൽ നെഹ്റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തന്റെ കുടുംബത്തിൽനിന്നുള്ള ആളല്ലെന്നും എന്നാൽ അദ്ദേഹം ഒരു കുടുംബാംഗത്തെ പോലെയാണെന്നും രാജ്യം മുഴുവനുമുള്ള വികാരമാണിതെന്നും പ്രിയങ്ക ഗാന്ധി എംപി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ബില്ല് അവതരിപ്പിക്കുന്നതിനുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക. കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്തുമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
ആരുടെയെങ്കിലും വ്യക്തിഗതമായ താത്പര്യം, അഭിലാഷം, മുൻവിധി എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനമെടുക്കരുതെന്നും സഭയുടെ ഉപദേശം സ്വീകരിക്കാതെയും ചർച്ച ചെയ്യാതെയും ബില്ല് തിടുക്കത്തിൽ പാസാക്കരുതെന്നും പ്രിയങ്ക അഭ്യർഥിച്ചു. ബില്ല് തിരിച്ചെടുത്ത് പുതിയ ബിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ബിജെപി ഭരണകൂടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് മഹാത്മാഗാന്ധിയെ ഇകഴ്ത്താനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ചരിത്രം വെട്ടിമാറ്റി ദേശീയ നേതാക്കളെ തമസ്കരിക്കുകയെന്നത് അധികാരത്തിൽ വന്നത് മുതൽ ബിജെപിയുടെ അണ്ടജയാണ്.
പേരുമാറ്റ പ്രക്രിയയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രസർക്കാർ. ഗാന്ധി സ്മരണകളെ ബിജെപി എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം പുനഃനാമകരണം. ഇന്ത്യയുടെ ആത്മാവിൽ അലിഞ്ഞുചേർന്ന രാഷ്ട്രപിതാവിന്റെ പേര് ബിജെപിക്ക് എത്ര ശ്രമിച്ചാലും തേച്ചുമാച്ചുകളയാൻ കഴിയില്ല.
ഈ പദ്ധതിയോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ സംസ്ഥാനങ്ങൾക്കുള്ള വേതനം കൃത്യസമയത്ത് നൽകണം. അതോടൊപ്പം 100 ദിവസം തൊഴിലുറപ്പ് എന്നത് 150 ദിവസമായി ഉയർത്തി പദ്ധതി മെച്ചപ്പെടുത്തണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരമായി വിക്സിത് ഭാരത് റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീണ്‍) ബിൽ 2025 (വി.ബിജി റാം ജി) അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ബില്ല് ലോക്സഭയിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും ശക്തമായി പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചതോടെ ഇന്നലെ അവതരിപ്പിച്ചില്ല.
ബിൽപ്രകാരം 60:40 എന്ന രീതിയിൽ പദ്ധതിവിഹിതം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിക്കും. നേരത്തേ പദ്ധതിവിഹിതത്തിന്റെ നൂറു ശതമാനവും കേന്ദ്രസർക്കാരായിരുന്നു നൽകിയിരുന്നത്.
എന്നാൽ ബില്ല് പ്രാബല്യത്തിൽ വന്നാൽ പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം. ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ജമ്മു കാഷ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പദ്ധതിവിഹിതം 90:10 എന്ന അനുപാതത്തിൽ വീതിക്കും. പദ്ധതിവിഹിതത്തിൽ മാറ്റം വരുത്തിയെങ്കിലും വേതനനിരക്ക് പഴയപടി തുടരും. വർഷത്തിൽ 100 തൊഴിൽദിനം എന്നത് 125 തൊഴിൽദിനമാക്കി ഉയർത്താനും ബില്ലിൽ നിർദേശിക്കുന്നു.
പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര സർക്കാരിനു കീഴിൽ കേന്ദ്ര ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലും സംസ്ഥാനസർക്കാരുകൾക്കു കീഴിൽ സംസ്ഥാന ഗ്രാമീണ്‍ റോസ്ഗാർ ഗാരന്റി കൗണ്‍സിലുകളും രൂപീകരിക്കുന്നതിന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര-സംസ്ഥാന തലത്തിലെ സംയോജനത്തിനായി ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും പുതിയ നിയമത്തിനുള്ളിൽ രൂപീകരിക്കും. നേരത്തേ കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു പദ്ധതി നിയന്ത്രിച്ചിരുന്നത്.
ജലസുരക്ഷ ഉറപ്പുവരുത്തുന്ന ജോലികൾ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന നടപടികൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന ജോലികൾ, തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ എന്നീ നാല് മുൻഗണനകളുടെ അടിസ്ഥാനത്തിലാണ് തൊഴിലുകൾ തരംതിരിച്ചിരിക്കുന്നത്. ഇവയ്ക്കു കീഴിൽ വരുന്ന തൊഴിലുകൾക്കായിരിക്കും പുതിയ ബില്ലനുസരിച്ച് അംഗീകാരം ലഭിക്കുക. തൊഴിലവസരങ്ങളും സുസ്ഥിരമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പു വരുത്തുകയാണ് പുതിയ നിയമത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
60 ദിവസത്തെ ജോലിരഹിത സമയം പുതിയ ബില്ലിൽ നിർബന്ധമാണ്. കാർഷിക വിളവെടുപ്പിന്റെ സമയത്തു തൊഴിൽ ക്ഷാമം ലഘൂകരിക്കുന്നതിനാണിത്. വർഷത്തിൽ ബാക്കിയുള്ള ദിവസങ്ങളിൽ 125 ദിവസത്തെ തൊഴിൽ ഗാരന്റി ബില്ല് ഉറപ്പുനൽകുന്നു.
അതേസമയം സംസ്ഥാനസർക്കാരുകൾക്കുമേൽ കൂടുതൽ ബാധ്യത സൃഷ്ടിക്കുകയാണ് പുതിയ ബില്ലുകൊണ്ട് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കേരളത്തിനു മാത്രം 2500 കോടിയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയുടെ പേര് കേൾക്കുന്നത് ബിജെപിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നതിനു തെളിവാണ് പേരുമാറ്റമെന്ന് കെ.സി. വേണുഗോപാൽ എംപി കുറ്റപ്പെടുത്തി.
Leader Page
മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ’ളുടെ നൂറാം വാർഷികം ആഘോഷിക്കുകയാണല്ലോ. ലോകത്തിൽ തത്വശാസ്ത്ര-സാംസ്കാരികരംഗത്തു മാത്രമല്ല, ആത്മീയമേഖലയിലും വളരെയധികം പ്രശസ്തി നേടിയ പുസ്തകമാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’. പുസ്തകത്തിന്റെ പേരിൽത്തന്നെ സത്യത്തെ അന്വേഷിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നു. “എന്റെ ജീവിതമാണ് എന്റെ സന്ദേശ”മെന്ന് ഗാന്ധിജി പറഞ്ഞു. ആ ജീവിതം സത്യത്തെ അന്വേഷിക്കുന്നതിനുവേണ്ടിയാണെന്നു പറഞ്ഞതിലൂടെ തന്റെ സന്ദേശവും അതുതന്നെയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
സ്വയം നല്ലവനാണെന്നു ചിത്രീകരിക്കുകയല്ല, ആത്മകഥയുടെ ലക്ഷ്യം. സ്വന്തം കുറ്റങ്ങളും കുറവുമെല്ലാം ഏറ്റവും സത്യസന്ധമായി രേഖപ്പെടുത്തുക, സത്യവുമായി ജീവിതത്തിൽ നടത്തിയ പരീക്ഷണങ്ങൾ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ആമുഖത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, തന്റെ കണ്ടെത്തലുകൾ അതേപടി ജീവിതത്തിൽ പകർത്തുന്നതിനു പകരം, സ്വന്തം സത്യാന്വേഷണ പരീക്ഷണങ്ങൾ നടത്തണമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.
സത്യവുമായി പരീക്ഷണങ്ങൾ നടത്തിയ വ്യക്തികൾ വളരെ കുറവാണ്. ആൽബർട്ട് ഐൻസ്റ്റൈൻ എന്ന വിഖ്യാതനായ ശാസ്ത്രജ്ഞൻ ഗാന്ധിജിയെപ്പറ്റി പറഞ്ഞു: “ഇനി വരുന്ന തലമുറകൾക്ക് ഇത്തരത്തിലുള്ള ഒരു വ്യക്തി ഈ ലോകത്തു ജീവിച്ചിരുന്നു എന്നു വിശ്വസിക്കാൻ പ്രയാസമുണ്ടാകും” എന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ മഹാപ്രതിഭയായ ശാസ്ത്രജ്ഞനെക്കൊണ്ട് അങ്ങനെ പറയിച്ച വ്യക്തിയാണ് മഹാത്മാഗാന്ധി. ഗാന്ധിജിയെ നേരിൽ കാണണമെന്ന ആഗ്രഹം ഐൻസ്റ്റൈൻ തന്റെ എഴുത്തിൽ പ്രകടിപ്പിച്ചിരുന്നു. തിരിച്ച് ഗാന്ധിയും ഐൻസ്റ്റൈനെ കാണണമെന്നും അതു തന്റെ ആശ്രമത്തിൽവച്ചാകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അവർ തമ്മിൽ ഒരിക്കലും കൂടിക്കാണുകയുണ്ടായില്ല.
ഐൻസ്റ്റൈൻ ഒരുപാട് ഭൗതികശാസ്ത്രപരീക്ഷണങ്ങൾ നടത്തിയ വ്യക്തിയാണ്.എങ്ങനെയാണ് ഈ ഭൗതികപ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു കണ്ടെത്താനുള്ള ചിന്താപരീക്ഷണങ്ങളാണ് ഐൻസ്റ്റൈൻ നടത്തിയത്. മനുഷ്യസമൂഹത്തിന്റെ മാനവികതയുടെ പ്രപഞ്ചം എങ്ങനെയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു കണ്ടെത്താനുള്ള സത്യാന്വേഷണ പരീക്ഷണങ്ങളാണ് ഗാന്ധിജി നടത്തിയത്. സത്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പകാലം മുതൽ അദ്ദേഹത്തിന്റെ താത്വികമായ സ്വത്വത്തിൽ അലിഞ്ഞുചേർന്നിരുന്ന വികാരമായിരുന്നു.
അതുകൊണ്ടാണു ജീവിതകാലം മുഴുവൻ സത്യാന്വേഷണത്തിനുവേണ്ടി മാറ്റിവയ്ക്കാൻ അദ്ദേഹത്തിനു തോന്നിയത്. ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ സ്കൂളിൽ പരിശോധനയ്ക്കായി ഇംഗ്ലീഷുകാരനായ ഒരു ഇൻസ്പെക്ടർ വരികയും ക്ലാസിൽ സ്പെല്ലിംഗ് ടെസ്റ്റ് നടത്തുകയും ചെയ്തു. അപ്പോൾ ഗാന്ധിക്ക് kettle എന്ന വാക്കിന്റെ സ്പെല്ലിംഗ് അറിയില്ല. അതു മനസിലാക്കിയ അധ്യാപകൻ, അടുത്തിരുന്ന വിദ്യാർഥിയുടെ സ്ലേറ്റിൽനിന്ന് ശരിയുത്തരം നോക്കി എഴുതാൻ തൊട്ടുപിന്നിൽനിന്ന് ആംഗ്യം കാണിച്ചു. പക്ഷേ, ഗാന്ധിജിക്ക് അതു മനസിലായില്ല. അദ്ദേഹം അതു തെറ്റിച്ചു. ഇൻസ്പെക്ടർ പോയിക്കഴിഞ്ഞപ്പോൾ അധ്യാപകൻ ഗാന്ധിജിയെ വഴക്കു പറഞ്ഞു. കോപ്പിയടിക്കാൻ താൻ പറഞ്ഞുകൊടുത്തതുപോലും മനസിലാക്കാനുള്ള ബുദ്ധി ഇല്ലാതെപോയല്ലോ എന്നാണ് അധ്യാപകൻ പരിഹസിച്ചത്. ഉത്തരമെഴുതാൻ പറ്റാതിരുന്നതുകൊണ്ടല്ല, കോപ്പിയടിക്കാൻ അധ്യാപകൻ നിർദേശിച്ചല്ലോ എന്ന വിഷമമാണ് അത് ഗാന്ധിജിയിൽ ഉളവാക്കിയത്. ശൈശവത്തിൽത്തന്നെ അദ്ദേഹത്തിനു സത്യത്തോടുണ്ടായിരുന്ന അഭിനിവേശമായിരുന്നു അതിനു പിന്നിൽ.
ലോകത്തിൽ സത്യത്തിന്റെ മുഖം
വെളിപ്പെടുത്തുക എന്നത് ഏറെ പ്രയാസകരമാണ്. സത്യം എപ്പോഴും തമസ്കരിക്കപ്പെടുകയാണ്. സൂര്യവെളിച്ചത്തിന്റെ കാര്യമെടുത്താൽ ഭൗമാന്തരീക്ഷത്തിൽ പതിക്കുന്ന വെളിച്ചത്തിന്റെ 17 ശതമാനം മാത്രമാണ് ഭൂമിയിലെത്തുന്നത്. കുറെ അന്തരീക്ഷം ആഗിരണം ചെയ്യും. കുറേ സമുദ്രം ആഗിരണം ചെയ്യും. അതുപോലെ, സത്യത്തിന്റെ വെളിച്ചം അതിന്റെ സ്രോതസിൽനിന്നു പുറപ്പെട്ട് സ്വീകർത്താവിന്റെ അടുത്തെത്തുമ്പോൾ വളരെ പരിമിതപ്പെട്ടിരിക്കും. ‘സത്യം ചെരിപ്പിടുമ്പോഴേക്കും അസത്യം ലോകം ചുറ്റിസഞ്ചരിക്കും’ എന്ന ഒരു ചൊല്ലുണ്ടല്ലോ. ഇക്കാലത്ത് അതു വളരെ ശരിയായിക്കൊണ്ടിരിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യം പെട്ടെന്നുതന്നെ അനേകരിലേക്കെത്തുമ്പോൾ, സത്യസന്ധമായ പോസ്റ്റുകളിൽ ആളുകൾക്കു താത്പര്യം കുറവാണെന്നു കാണാം. അതുകൊണ്ട് സത്യാന്വേഷണം വളരെ പ്രയാസമുള്ള ഒരു പ്രക്രിയയാണ്. അതാണ്, മഹാത്മാഗാന്ധി ജീവിതത്തിൽ ചെയ്യാൻ ശ്രമിച്ചത്. അദ്ദേഹം പറഞ്ഞിട്ടുള്ളത് തന്റെ കുറ്റങ്ങളും കുറവുകളും അറിയിക്കാനാണ് താൻ ആത്മകഥ എഴുതുന്നതെന്നാണ്. സാധാരണ ആത്മകഥകളുടെ കാര്യം നമുക്ക് അറിവുള്ളതാണല്ലോ. വായിച്ചുകഴിയുമ്പോൾ, അതെഴുതിയ വ്യക്തി കുറ്റങ്ങൾക്കും കുറവുകൾക്കും അതീതനാണ് എന്നു വായനക്കാരിൽ ധാരണയുണ്ടാക്കും.
പക്ഷേ, ഗാന്ധിജിയുടെ ആത്മകഥയിൽ അദ്ദേഹത്തിന്റെ പോരായ്മകളാണു കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആത്മകഥ എന്നതിലുപരി സത്യാന്വേഷമാണ് അദ്ദേഹം അതിൽ വിവരിക്കുന്നത്. ആത്മകഥയിലൂടെ അദ്ദേഹംതന്നെ വെളിപ്പെടുത്തിയ കുറ്റങ്ങളും കുറവുകളും നിരത്തി അദ്ദേഹത്തിന്റെ മഹത്വത്തെ ഇല്ലായ്മ ചെയ്യാനുള്ള ചില കുബുദ്ധികളുടെ ശ്രമം നികൃഷ്ടമെന്നേ പറയേണ്ടൂ!
സാധാരണ മനുഷ്യർക്കു ചെയ്യാൻ സാധിക്കാത്ത കൊച്ചു കാര്യങ്ങൾ, ജീവിതരീതികൾ, ആത്മീയതയിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രവർത്തനരീതികൾ - ഇവയെല്ലാം അദ്ദേഹത്തിൽ നമുക്കു ദർശിക്കാൻ സാധിക്കും. ദക്ഷിണാഫ്രിക്കയിൽനിന്ന് അദ്ദേഹം ഇന്ത്യയിലേക്കു പോരുന്പോൾ ധാരാളം വിലപിടിച്ച സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി; ഭാര്യക്കു ലഭിച്ച സ്വർണാഭരണങ്ങൾ ഉൾപ്പെടെ. അതൊന്നും അദ്ദേഹത്തിനു കൂടെക്കൂട്ടാൻ താത്പര്യമില്ല. എല്ലാം അവിടെ ഒരു ട്രസ്റ്റിനു കൊടുക്കാനാണ് താത്പര്യം. ഇതിനു ഭാര്യക്കു സമ്മതമില്ല. ഒടുവിൽ മക്കളെക്കൊണ്ടു പറഞ്ഞു സമ്മതിപ്പിച്ച് ട്രസ്റ്റ് നടപ്പാക്കിയാണ് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങിയത്.
ഗാന്ധിജിയെപ്പോലെ, ത്യാഗം ജീവിതത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ മറ്റൊരു വ്യക്തി അദ്ദേഹത്തിനുശേഷം ഉണ്ടായിട്ടില്ല. വള്ളത്തോളിന്റെ കവിതയിലേതുപോലെ ലോകമേ തറവാട് എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. ‘ഗംഗയാറൊഴുകുന്ന നാട്ടിലേ ശരിക്കിത്ര മംഗളം കായ്ക്കും കല്പപാദപമുണ്ടായ് വരൂ’എന്നാണ് വള്ളത്തോൾ എഴുതിയത്.
എന്തിനാണ് മഹാത്മജി സത്യത്തോട് ഇത്ര ആഭിമുഖ്യം പുലർത്തിയതെന്നു ചോദിച്ചാൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് ‘ദൈവം സത്യമാണ്’ എന്നതുകൊണ്ടാണെന്നാണ്. സത്യത്തെ അന്വേഷിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ അന്വേഷിക്കുക എന്നതുതന്നെ. അതുകൊണ്ട് അദ്ദേഹത്തിന്റെ ആത്മകഥാപാരായണം ഭൗതികയാത്രയുടേതല്ല; മറിച്ച്, ആത്മീയമായ ഒരു യാത്രയുടെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. കാരണം, അത് സത്യസന്ധമായ ഒരു വിവരണമാണെന്ന് ആരോടും വിശദീകരിക്കേണ്ടതില്ല. എല്ലാ ആത്മീയ ഗുരുക്കന്മാരുടെയും ചൈതന്യം സമന്വയിച്ച വ്യക്തിയാണ് മഹാത്മജിയെന്ന് വള്ളത്തോൾ എഴുതി. ക്രിസ്തുദേവന്റെ പരിത്യാഗശീലവും കൃഷ്ണന്റെ ധർമരക്ഷോപായവും ബുദ്ധന്റെ അഹിംസയും ശങ്കരാചാര്യരുടെ ബുദ്ധിശക്തിയും രന്തീദേവന്റെ ദയാവായ്പും ഹരിശ്ചന്ദ്രന്റെ സത്യവും മുഹമ്മദിന്റെ സ്ഥൈര്യവും ഒത്തുചേർന്ന വ്യക്തിയെന്നാണ് അദ്ദേഹം തന്റെ കവിതയിലൂടെ സമർഥിച്ചത്.
വള്ളത്തോൾ പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ ചൈതന്യം മനസിലാക്കണമെങ്കിൽ ഒന്നുകിൽ അദ്ദേഹത്തിന്റെ അടുത്തു ചെല്ലുക, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ചരിത്രം വായിക്കുക. ആ വായനയ്ക്കായി ‘സത്യാന്വേഷണ പരീക്ഷണങ്ങൾ’ കയ്യിലെടുക്കുക. ഇതിലൂടെ പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ ചൈതന്യം മനസിലാകട്ടെ.
മഹാത്മാഗാന്ധിയുടെ ചിന്തകളിൽനിന്നു പുതിയ തലമുറ അകന്നുപോകുകയാണെന്നു പറയാറുണ്ട്. അങ്ങനെയൊന്നുമില്ല. അന്നും ഇന്നും അദ്ദേഹത്തിനു വിമർശകരുണ്ട്. വിമർശകരോട് അദ്ദേഹം സഹിഷ്ണുത പുലർത്തിയിരുന്നു. അദ്ദേഹത്തെ ബഹുമാനിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും വളർന്നുവരുകയാണ്. യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രാധാന്യം വർധിച്ചുവരികയേ ഉള്ളൂ. അഹിംസകൊണ്ട് എങ്ങനെയാണ് ലോകത്തിൽ ഒരു സമരം നടത്താൻ സാധിക്കുക, അധിനിവേശത്തിന്റെ കുത്തൊഴുക്കു തടയാൻ സാധിക്കുക എന്നതെല്ലാം പ്രായോഗികമായി തെളിയിച്ച വ്യക്തിയാണ് ഗാന്ധിജി. ലളിതമായ വാക്കുകളിൽ രചിക്കപ്പെട്ട മഹാത്മാവിന്റെ ആത്മകഥ ഇന്നും എന്നും പാരായണയോഗ്യംതന്നെ.
(മുൻ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ) ബോർഡ് ചെയർമാനുമാണ് കവിയും എഴുത്തുകാരനുമായ ലേഖകൻ.)
District News
നെയ്യാറ്റിന്‍കര : മൂന്നുകല്ലിന്മൂട്- ഊരൂട്ടുകാല- കൊടങ്ങാവിള റോഡില്‍ വെള്ളക്കെട്ട്. അങ്ങിങ്ങായി പൊളിഞ്ഞ റോഡില്‍ അറ്റകുറ്റപ്പണി പോലും നടത്താറില്ലെന്ന് ആക്ഷേപം.
കരമന- കളിയിക്കാവിള ദേശീയപാതയില്‍ മൂന്നുകല്ലിന്മൂട് ജംഗ്ഷനില്‍ നിന്നും ഊരൂട്ടുകാല വഴി കൊടങ്ങാവിളയിലേയ്ക്കുള്ള രണ്ടു പാതകളിലൊന്നിന് മഹാത്മാ ഗാന്ധിയുടെ സന്ദര്‍ശനത്തിലൂടെ ചരിത്രപ്രാധാന്യമുള്ളതാണ്. ഊരൂട്ടുകാലയിലെ മാധവി മന്ദിരത്തില്‍ അദ്ദേഹം ഒരു ദിവസം ചെലവഴിച്ച വീട് ഇന്ന് മ്യൂസിയമായി ഉപയോഗിക്കുന്നു.
സമീപത്തെ ഊരൂട്ടുകാല ക്ഷേത്ര മൈതാനത്തില്‍ അദ്ദേഹം പൊതുസമ്മേളനത്തില്‍ പങ്കെടുത്തതായും ചരിത്രത്തില്‍ പരാമര്‍ശമുണ്ട്. നെയ്യാറ്റിന്‍കര ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ഉള്‍പ്പെടെ മൂന്നു വിദ്യാലയങ്ങളിലേയ്ക്കും നെയ്യാറ്റിന്‍കര ബിആര്‍സി യിലേയ്ക്കുമുള്ള പാത വര്‍ഷങ്ങളായി പലയിടത്തും പൊളിഞ്ഞ നിലയില്‍ തുടരുന്നതായി യാത്രക്കാരും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.
പലയിടത്തും ടാറും മെറ്റലുമിളകി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് ഇരുചക്രവാഹന യാത്രികര്‍ക്ക് ഈ വന്‍കുഴികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. ദിവസവും നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര് കാല്‍നടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സുഗമമായ ഗതാഗതത്തിന് അനുയോജ്യമാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
NRI
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.